ഒരേ സമയം രണ്ടു കത്തനാർ; ജയസൂര്യ, ബാബു ആന്റണി

babu-antony-jayasurya
എസ്ര സിനിമയിൽ ബാബു ആന്റണി, ‘കത്തനാർ’ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ജയസൂര്യ
SHARE

ഐതിഹ്യ കഥകളിലൂടെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മാന്ത്രികൻ കടമറ്റത്തു കത്തനാരെ കുറിച്ച് ഒരേ സമയം രണ്ടു സിനിമകൾ ഒരുങ്ങുന്നു. ഒന്നിൽ ജയസൂര്യയും രണ്ടാമത്തേതിൽ ബാബു ആന്റണിയുമാണ് നായകൻമാർ. ഇതിൽ ആരുടെ ചിത്രം ഹിറ്റ് ആകും എന്നാണ് ഇനി അറിയേണ്ടത്. രണ്ടു സിനിമകൾക്കും ഒരേ പേരാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ  ഇതിൽ ഒരു കൂട്ടർക്കു പേരു മാറ്റേണ്ടി വരും.രണ്ടു സിനിമകളും ത്രി ഡിയിൽ ആണ് ഒരുങ്ങുന്നത്.

‘മങ്കിപെൻ’,‘ഹോം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കടമറ്റത്തു കത്തനാരി’ൽ  ജയസൂര്യ ആണു നായകൻ. 75 കോടി രൂപ ചെലവഴിച്ചു ഗോകുലം ഗോപാലൻ നിർമിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് ഇത്.ഒട്ടേറെ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്തു കത്തനാരി’ൽ അപകടം നിറഞ്ഞ രംഗങ്ങളും ആക്‌ഷനും എല്ലാം ഉള്ളതിനാൽ ബാബു ആന്റണിയെ ആണു കത്തനാർ ആകാൻ കണ്ടെത്തിയിരിക്കുന്നത്.

വർഷങ്ങളുടെ പഠന ഗവേഷണത്തിനു ശേഷമാണ് തങ്ങളുടെ കത്തനാർ തയാറാക്കിയതെന്നും തിരക്കഥ വായിച്ചു നിർമാതാവ് ഒകെ പറഞ്ഞുവെന്നും നടൻ ജയസൂര്യ അറിയിച്ചു. തന്നെ സംബന്ധിച്ചു ചെറിയൊരു ‘ബാഹുബലി’ തന്നെ ആയിരിക്കും ‘കടമറ്റത്തു കത്തനാർ’. ഈ പേര് തങ്ങൾ റജിസ്റ്റർ ചെയ്തതിനാൽ മറ്റ് ആർക്കും ഉപയോഗിക്കാനാവില്ല. അവർ ചെയ്യുന്നത് അവരുടെ കത്തനാരാണ്. നമ്മൾ ചെയ്യുന്നതു നമ്മുടെ കത്തനാരും. അവർ ഇതേ കഥ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. നമുക്കു വിലക്കാൻ സാധിക്കില്ലല്ലോ. നമ്മുടേത് വിഎഫ്എക്സ് സാധ്യതകൾ എല്ലാം ഉപയോഗിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആയിരിക്കും. രണ്ടു സിനിമയും പുറത്തു വരട്ടെ. ജനം കണ്ടു വിലയിരുത്തട്ടെ. ഗോകുലം ഗോപാലനെ പോലെ ഒരു നിർമാതാവ് എടുക്കുന്ന സിനിമ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.–ജയസൂര്യ പറഞ്ഞു.

kathanar-3

കത്തനാരുടെ ചരിത്രവും ഐതിഹ്യവും മറ്റും പഠിക്കുന്നതിനു പ്രത്യേക ഗവേഷണ വിഭാഗം തന്നെ തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നു ജയസൂര്യ അറിയിച്ചു. ആർ.രാമാനന്ദ് ആണ് തിരക്കഥ രചിച്ചത്. ഷൂട്ടിങ് ഉടനെ തുടങ്ങും. സ്റ്റുഡിയോയിൽ സെറ്റ് ഇട്ടും പുറത്തും ചിത്രീകരണം ഉണ്ടാകും. നീൽ ഡി’കുഞ്ഞ ആണ് ക്യാമറാമാൻ. ആക്‌ഷൻ രംഗങ്ങളും  മാന്ത്രിക രംഗങ്ങളും മനോഹരമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കുക. ഇതു വരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തനായ കത്തനാരെ ആയിരിക്കും ഈ സിനിമയിൽ കാണുക. ഏതൊക്കെ രീതിയിലുള്ള മാറ്റമാണ് ഉണ്ടാകുകയെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.പ്രമേയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചും ചരിത്രത്തോട് പരമാവധി നീതി പുലർത്തിയും കത്തനാരെ അവതരിപ്പിക്കുമ്പോൾ പല പുതുമകളും പ്രതീക്ഷിക്കാമെന്നും ജയസൂര്യ പറഞ്ഞു.

തങ്ങളുടെ സിനിമയിൽ ആക്ഷൻ രംഗങ്ങളും പ്രേക്ഷകരെ ഞെട്ടിക്കുന്ന രംഗങ്ങളും  ഉണ്ടാകുമെന്നും ഇത്തരം രംഗങ്ങളിൽ മികവു കാട്ടാൻ ബാബു ആന്റണിയാണു നല്ലതെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി. കത്തനാരുടെ വേഷവും ഭാവവുമെല്ലാം വ്യത്യസ്തം ആയിരിക്കും.കത്തനാർക്ക് തൊപ്പി ഉണ്ടാകും. വെള്ള കുപ്പായം ധരിച്ചിരുന്ന കത്തനാർ, മാന്ത്രികനായ ശേഷം പള്ളി വിട്ടു പോകുമ്പോഴാണ് കുപ്പായത്തിന്റെ നിറം മാറുന്നത്. അങ്ങനെ മാറി ധരിക്കുന്ന വേഷം ബ്രൗൺ ആണോ കറുപ്പ് ആണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.വെള്ളയും കറുപ്പുമാണ് അച്ചന്മാരുടെ പതിവു വേഷം.ചരിത്രത്തോടും ഐതിഹ്യത്തോടും പരമാവധി നീതി പുലർത്താനാണു ശ്രമം.

kathanar-babu

മുൻപ് പ്രേംനസീർ ഉൾപ്പെടെ  നാലോ അഞ്ചോ നടന്മാർ   കത്തനാരുടെ വേഷം ചെയ്തിട്ടുണ്ട്.‘കടമറ്റത്തച്ചൻ’ എന്ന പേരിൽ 1966ലും 1984ലും സിനിമകൾ ഇറങ്ങി.കലാനിലയം സ്ഥിരം നാടക വേദിയുടെ ‘കടമറ്റത്തു കത്തനാർ’ ഏറെ പ്രശസ്തമായിരുന്നു. പ്രകാശ് പോളിനെ നായകനാക്കി സുരേഷ് ബാബു തന്നെ  ‘കടമറ്റത്ത് കത്തനാർ’ ടിവി പരമ്പരയായി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ മലയാളികളുടെ മനസ്സിൽ കടമറ്റത്തു കത്തനാർക്ക് പ്രകാശ് പോളിന്റെ മുഖമാണ്.

സുരേഷ് ബാബുവിന്റെ സിനിമയിൽ കത്തനാരുടെ വളർത്തച്ഛനായി ടിവിയിലെ കത്തനാർ പ്രകാശ് പോൾ അഭിനയിക്കും. തമിഴ് ക്യാമാറാമാൻ യു.കെ. സെന്തിൽ കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരിക്കുന്നതിനു മുൻപ് മൂന്നു മാസത്തോളം ഇതിന്റെ തിരക്കഥ സംബന്ധിച്ചു ചർച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പല നിർദേശങ്ങളും സിനിമയിൽ ഉൾപ്പെടുത്തും. കത്തനാർ പരമ്പരയുടെ തിരക്കഥ രചിച്ച ഷാജി നെടുങ്കല്ലേലും പ്രദീപ് ജി.നായരും ചേർന്നാണു സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.

കടമറ്റത്തു കത്തനാരെ കുറിച്ച് ഇതുവരെ ഇറങ്ങിയ സിനിമകളും നാടകങ്ങളും കാണുകയും കടമറ്റത്തു പോയി വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് താൻ ടിവി പരമ്പര എടുത്തതെന്ന് സുരേഷ് ബാബു പറയുന്നു.പരമ്പര നീട്ടിക്കൊണ്ടു പോകാൻ പല കഥകളും എഴുതി ചേർത്തിരുന്നു. എന്നാൽ സിനിമയിൽ അതിവേഗം കഥ പറഞ്ഞു പോകും.അതു വിഎഫ്എക്സ് സാധ്യതകൾ ഉപയോഗിച്ചു പരമാവധി സാങ്കേതിക മികവോടെ അവതരിപ്പിക്കുകയാണു ലക്ഷ്യം.

എന്നാൽ ഇതിന്റെ പേരിൽ  നിർമാണച്ചെലവ് കൂട്ടില്ല.ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഒരാഴ്ച ഓടിയാൽ മുടക്കു മുതൽ തിരിച്ചു കിട്ടുന്ന സിനിമയായിരിക്കും ഇത്. ഒടിടി,സാറ്റലൈറ്റ് പ്രതിഫലം കൂടി ലഭിക്കുമ്പോൾ നിർമാതാവിനു നഷ്ടം ഉണ്ടാകില്ലെന്നും സുരേഷ് ബാബു പറയുന്നു.ഏബ്രഹാം വർഗീസ് ആണു നിർമാതാവ്. ജനുവരിയിൽ ചിത്രീകരണം തുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA